Tuesday, February 17, 2009

എനിക്ക് അറപ്പാകുന്നു

നീലപല്ലുകൾ കൺകളിൽ
ഇറുകിതൂങ്ങി കിടക്കവേ..
ഒരു തവണ കൂടി യൂട്യൂബിൽ
പതിനെട്ടു തികഞ്ഞെന്നു വരുത്തവേ..
ഇരുളിന്റെ മറവുകളൊന്നിൽ
കാലുകൾ മരച്ചു തളരാതിരിക്കവേ..
ആരുമറിയാതൊരുവട്ടം കൈപ്പത്തിയാൽ
മറച്ചു പിടിച്ചെന്നുറപ്പാക്കവേ..

ഇണചേരുമുരഗങ്ങൾക്കൊപ്പമൊരു ചിത്രം
ഒന്നൊന്നര രാത്രികൊണ്ട് റേറ്റഞ്ചാകുന്നു
പലലക്ഷം കൺകളെ ഭേദിച്ചെടുക്കുന്നു.
ത്രീ ജീ പീ ഫയലായി നീലപ്പല്ലിലമരുന്നു

പൂരപ്പറമ്പിന്റെ ഓരത്തിരുളിൽ
കൂട്ടുകാരൊരുമിച്ചിരിക്കവേ
കൊച്ചുകൈപ്പത്തികളിൽ നിന്നുമൊരു
ത്രീ ജീ പീ ഫയലിന്നരണ്ട വെട്ടം
മുഖത്തടിക്കുന്നു.
പൊടിമീശ നനുത്തുകിളിർത്ത
മുഖത്താകാംക്ഷയുടെ നിഴലാട്ടം മാത്രം

പുസ്തകതാളിലേക്കണയുമ്പൊഴെക്കുമാ
ഉരഗങ്ങൾ കെട്ടിപ്പുണരുന്നു, കടിച്ചമർത്തുന്നു.
മുനയൊന്നമരുമ്പൊൾ തെളിയുന്ന
സർഗ്ഗച്ചിത്രങ്ങൾക്കു നിറം മാറുന്നു.
നോട്ടം പിഴയ്ക്കുന്നു, സഹപാഠിയിൽ
ഗുരുനാഥയിൽ, സഹോദരിയിൽ.
വഴുവഴുപ്പു തൊനുന്നു, ഓമനത്തം
വിടാത്ത കുഞ്ഞിൻ പൂമേനിയിൽ
മിണ്ടുവാനാവില്ല കൂട്ടുകാരീ
എനിക്ക് അറപ്പാകുന്നു.

വീണ്ടുമവർക്കൊപ്പമിരുളിൽ
കൈപ്പത്തിയിൽ തെളിയുന്ന
പഞ്ചനക്ഷത്ര വേശ്യാലയത്തിൽ
കണ്ണാഴ്ത്തി ചങ്കെറിഞ്ഞ്
ബോധമടർത്തി തണുത്തിരിക്കുന്നു.
ചത്തഹൃദയം നീലപ്പല്ലുകളിൽ
മറ്റൊന്നിനായി തിരച്ചിൽ നടത്തുന്നു.

Thursday, September 25, 2008

നിലവിളി


നടക്കുകയാണ്.
കാത്തുനില്‍പ്പുണ്ട്‌ ആരാച്ചാര്‍.
ഇരുളില്‍ ഒരു വൃത്തം.
തടവറയുടെ കാറ്റ്,
ഏകാന്തതയുടെ ചോര മണക്കുന്നു.
തടവറയുടെ തണുപ്പ്,
ഓര്‍മകള്‍ മനസ്സില്‍ കരയുന്നു.
രൂപകൂട്ടില്‍ നിന്ന് പ്രാര്‍ത്ഥിച്ചത്,
അല്ല, കരഞ്ഞത്.
നല്ല ഓര്‍മകള്‍,
മരിക്കാതിരിക്കട്ടെ..
ശാസനകളും ഓര്‍മയുണ്ട്.
അതിര്‍വരമ്പുകള്‍.
മതില്‍കെട്ടുകള്‍.
പട്ടിണിയുടെ സൗഹൃദം.
എങ്കിലും പഠിക്കണമായിരുന്നു.
പെങ്ങളെ വളര്‍ത്തണം.
സ്വപ്നങ്ങള്‍ക്ക് ചെലവേറെയായിരുന്നു.
അതിര്‍വരമ്പുകള്‍ ലംഖിക്കനമായിരുന്നു.
അതിന്റെ ആദ്യ ശിഷ
നുണയന്‍ എന്നാ പേരായിരുന്നു.
പിന്നെയും വളര്‍ന്നു,
രണ്ടാമത്തെ ശിഷ
കള്ളന്‍ എന്ന പേരായിരുന്നു.
മൂന്നാമത്തെ ശിഷ
കൊലപാതകി എന്നാ പേരായിരുന്നു.
പിന്നെത്തെ ശിഷകള്‍
തടവറയും കൊലക്കായറും.
അതൊരു അനുഗ്രഹമാണ്.
നടപ്പ് തീരുകയാണ്.
സര്‍വ ചലനങ്ങളും.
മേലോട്ട് നോക്കി,
അതിര്‍ത്തിവര തീര്‍ത്ത കൊലക്കയര്‍.
തടവറയുടെ ഇരുട്ടില്‍
നീതിയുടെ കറുത്ത കുപ്പായം ചോദിച്ചു.
അവസാനത്തെ ആഗ്രഹം?
'എനിക്കൊന്നു ഉറക്കെ നിലവിളിക്കണം'

Friday, March 28, 2008

പുതിയ ഭൂമി


രാസവളങ്ങളൊലിച്ചിറങ്ങിയ
മണ്ണില്‍ നിന്നും ചീഞ്ഞളിഞ്ഞ
കബന്ധങ്ങള്‍ എണീറ്റു പോവുന്നു.

ഉച്ചിയിലര്‍ക്കന്‍റെ ഉഷ്ണമേറു‌മ്പോള്‍
വിയര്‍ത്തൊലിച്ചു ദാഹിച്ച
കബന്ധങ്ങള്‍ അമ്ലമഴ കുടിക്കുന്നു.

അത്യാധുനികതയുടെ മുഴക്കത്തിന്‍
കീഴിലായ് പഴയൊരു നന്മ
ചത്തൊലിച്ചു കരയുന്നു.

ഉത്തരാധുനികതയുടെ ചത്തമക്കള്‍
വീണ്ടുമവരുടെ കണ്ണീരു കുടിച്ച്
തെഴുത്തു‌ മയങ്ങുന്നു.

ഒരു കൊച്ചു മൌസ് പോയിന്‍റെറില്‍
തളര്‍ന്ന ബന്ധങ്ങള്‍
ഉടക്കി കിടക്കുന്നു.

ദുരയുടെ ഇരുട്ടു നിറഞ്ഞ മുറിയില്‍
നഗ്നദേഹം വെച്ചൊരമ്മ
വിലപേശി മടുക്കുന്നു.

ആസപത്രിതന്‍ ശൌചാലയത്തില്‍
മനുഷ്യകുഞ്ഞുങ്ങള്‍ പോക്കിളില്‍
മരുന്നു പുരട്ടുന്നു.

കണ്ണുതിരുമിയാല്‍ കിട്ടുന്ന
പത്രത്തില്‍ നറുനിണം
കണ്ണീര്‍ ചുരത്തുന്നു.

തത്ത്വങ്ങള്‍ തന്‍ അഭിധയില്
‍വേദഗ്രന്ഥങ്ങള്‍ തമ്മിലടിച്ചു
യുദ്ധം ചെയ്യുന്നു.

തുമ്പിയെ പിടിച്ചു കളിക്കെണ്ട
ബാല്യത്തിന്‍ തുമ്പത്ത്
തുടലുകള്‍ കെട്ടുന്നു.

ശിഷ്യന്റെ തുടയില്‍ ചിത്രപണി
ചെയ്യും ചൂരലിന്‍ അറ്റത്ത്
ഗുരുത്വം അറ്റു തൂങ്ങുന്നു.

കണ്ണീരുള്ളവന്റെ ഹൃത്താരില്‍ നിന്ന്
കരുണ തന്‍ വറ്റുകള്‍
കള്ളന്‍ നക്കിയെടുക്കുന്നു.

ശീതീകരണ അറകള്‍ക്കുള്ളില്‍
സമാധാന സംബന്ധ സംവാദം
കൊഴുക്കുന്നു.

അതിനപ്പുറെ ഒരു കൌമാരം
ഒട്ടിയ വയറ്റത്തടിച്ചു
ഉറക്കെ പാടുന്നു.

ഇവയുടെ മുകളില്‍
വിമാനങ്ങള്‍ അണുവായുധം
പേറി പറക്കുന്നു.

അതിനും മുകളില്‍
ആശയറ്റൊരു സൃഷ്ടാവ്
കണ്ണീര്‍ വാര്‍ക്കുന്നു.
നട്ടുനനച്ചതു വാടികരിഞ്ഞപ്പോള്‍
ശൂന്യത തന്‍ ഒരു കോണില്‍
സൃഷ്ടാവ് പുതിയൊരു ഭൂമി
സൃഷ്ടിക്കുന്നു.

ആശകളകലാത്ത മാലാഖമാര്‍
പഴയ ഭൂമിയിലേക്ക് എത്തിനോക്കുന്നു.
അവിടെ...
മൊബൈല്‍ ഫോണുമായി
കുട്ടികള്‍ പെറ്റുവീഴുന്നു....
അറ്റുവീഴേണ്ട താമസം
അവര്‍ അവരുടെ
ഗേള്‍ഫ്രെണ്ടിനെ വിളിക്കുന്നു....

സൃഷ്ടാവ് പുതിയൊരു ഭൂമി
സൃഷ്ടിച്ചിരിക്കുന്നു..
അവിടെ ആദവും ഹവ്വയും
ഓടിക്കളിക്കുന്നു...
വിലക്കപ്പെട്ട മരത്തിന്‍
നടുവിലായ് ഒരു പാമ്പ്‌
കാത്തിരിക്കുന്നു.........
*ആദ്യ മാതാപിതാക്കളായ ആദവും ഹവ്വയും പാമ്പ്‌ നല്‍കിയ വിലക്കപ്പെട്ട കനി തിന്നതോടെയാണ് ലോകത്തില്‍ പാപം കടന്നു വന്നത്.(ഉല്‍പ്പത്തി 3)